നേട്ടങ്ങള്
ജില്ലാ പഞ്ചായത്ത് നേട്ടങ്ങള്..................
അതിദാരിദ്ര്യ മുക്ത ജില്ല, സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ജില്ല, സമ്പൂർണ്ണ മാലിന്യ മുക്ത ജില്ല, തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന് തന്നെ മാതൃകയാണ് കണ്ണൂർ.
സംസ്ഥാന വയോസേവന അവാർഡ്, സംസ്ഥാന ഭിന്നശേഷി അവാർഡ്, മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം, മികച്ച മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം , സംസ്ഥാന ആർദ്ര കേരള പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ 5 വർഷക്കാലത്തെ മികവിന്റെ പര്യായമായി കണ്ണൂർ ജില്ലാ പഞ്ചായത്തിനെ മാറ്റി.
സമസ്ത മേഖലകളിലും സുസ്ഥിരവികസനത്തിലൂന്നിയുള്ള പ്രവർത്തനമാണ് ജില്ലാ പഞ്ചായത്ത് ഈ 5 വർഷങ്ങളിൽ നടപ്പിലാക്കിയത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2020–25 കാലയളവിൽ കാർഷിക മേഖലയെ പുതുജീവനോടെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സമഗ്രമായ പദ്ധതികൾ നടപ്പിലാക്കി. ഭരണസമിതിയുടെ അഞ്ചുവർഷക്കാലയളവിൽ കാർഷിക മേഖലയിൽ 23 കോടിയിലേറെ രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. നെൽകൃഷി വികസനത്തിലൂടെ ജില്ലയുടെ ഉൽപാദന ശേഷി വർധിപ്പിക്കുകയും കർഷകരെ സാങ്കേതിക വിദ്യകളിൽ പരിശീലിപ്പിക്കുകയും ചെയ്തു. കൈപ്പാട് കൃഷിയുടെ പുനരുജ്ജീവനം സാധ്യമാക്കി. “ഓണത്തിന് ഒരുകൊട്ടപ്പൂവ്” പദ്ധതി നടപ്പാക്കിയതിലൂടെ ഓണക്കാലത്ത് പൂവുകൾക്കായി അയൽ സംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കാതെ പുഷ്പകൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി മുന്നേറാൻ കഴിഞ്ഞു.
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും അതിന്റെ പ്രാധാന്യത്തെ പറ്റി വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കൊട്ടില, ഉളിക്കൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ ജൈവവൈവിധ്യ പാർക്കുകൾ സ്ഥാപിച്ചു. കാർഷിക യന്ത്രവൽക്കരണം പദ്ധതിയിലൂടെ കർഷകർക്ക് ആധുനിക കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു. കാർഷിക യന്ത്രങ്ങളുടെ റിപ്പയറിംഗിന് ആളുകളെ ലഭിക്കാത്ത സാഹചര്യം പരിഹരിക്കുന്നതിനായി ആ മേഖലയിൽ തല്പരരായ ആളുകൾക്കും ഓട്ടോമൊബൈൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി പരിശീലനം നൽകുകയും അതു വഴി കർഷകർക്ക് തങ്ങളുടെ യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിന് പുതിയ സൗകര്യങ്ങൾ ഒരുക്കുവാൻ സാധിക്കുകയും ചെയ്തു. ജില്ലയിലെ തരിശായി കിടന്ന കൃഷിയിടങ്ങളെ വീണ്ടും ഉൽപാദനത്തിലേക്ക് കൊണ്ടുവരുന്നതിന് “തരിശുരഹിത ജില്ല” പദ്ധതിയിലൂടെ സാധിച്ചു.
ജില്ലയിലെ പാടശേഖരങ്ങൾക്ക് കൈത്താങ്ങാവുന്നതിനായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണ് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം. അതിലൂടെ പാടശേഖരങ്ങളുടെ അടിസ്ഥാനസൌകര്യ വികസനപ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾക്ക് ധനസഹായം നൽകി. കാർഷിക മേഖലയിൽ തല്പരരായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി അവരുടെ കാർഷിക ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുകയും അവരുടെ കണ്ടുപിടുത്തങ്ങളെ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ പോലുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കി. അന്യം നിന്നു പോകുന്ന നാടൻ മാവിനങ്ങളുടെ സംരക്ഷണത്തിനായി നടപ്പിലാക്കിയ നാട്ടുമാവിന് തോട്ടം പദ്ധതിയിലൂടെ നാട്ടിൻപുറത്തെ മാവിനങ്ങളുടെ ഒട്ടുതൈകൾ വിതരണം ചെയ്യുക വഴി പാരമ്പര്യ വിളകളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിന് സഹായിച്ചു. ജില്ലയിലെ പ്രധാന കാർഷിക ഉല്പാദന സംഘമായ കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ സൊസൈറ്റിക്ക് ധനസഹായം നൽകി. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയുണ്ടായി. കണ്ണൂർ ചില്ലീസ് പദ്ധതിയുടെ ഭാഗമായി കാന്താരി, കേപ്സിക്കം എന്നിവ ഉൾപ്പെടുത്തി മുളകിന്റെ വിവിധയിനങ്ങൾ വ്യാപകമായി കൃഷി ചെയ്യുകയുണ്ടായി. ഇത്തരത്തിലുള്ള സമഗ്രമായ ഇടപെടലുകൾ വഴി ജില്ലയുടെ കാർഷിക മേഖല സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ വളർന്നുവന്നതായും കർഷകരുടെ വരുമാനവും ഉൽപാദന ശേഷിയും വർധിച്ചതായും പറയാൻ സാധിക്കും.
ജില്ലാപഞ്ചായത്തിന് കീഴിൽ 4 കൃഷി ഫാമുകളാണുള്ളത്. തളിപ്പറമ്പിലെ കരിമ്പത്തുള്ള ജില്ലാ കൃഷിത്തോട്ടമാണ് ആയതിൽ പ്രധാനം.56 ഹെക്ടർ വിസ്തീർണമുള്ള ജില്ലാകൃഷിത്തോട്ടം ജൈവവൈവിധ്യങ്ങളുടെ ഒരു കലവറയാണ്. തെങ്ങ്,കവുങ്ങ്,മാവ് തുടങ്ങി നിരവധി ചെടികളുടെ തൈകൾ ഇവിടെ ഉല്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു. കൂടാതെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അഗ്രിബയോടെക്നോളജി ഡിവിഷനും ടിഷ്യു കൾച്ചർ ലാബും ജില്ലാ കൃഷിത്തോട്ടത്തിന്റെ പ്രധാന ആകർഷണമാണ്. അതോടൊപ്പം സംസ്ഥാന വിത്തുല്പാദന കേന്ദ്രം,കാങ്കോൽ , സംസ്ഥാന വിത്തുല്പാദന കേന്ദ്രം,വേങ്ങാട്, സ്റ്റേറ്റ് കോക്കനട്ട് നഴ്സറി, പാലയാട് എന്നിവയും ജില്ലാപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു. ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഫാമുകളുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കും അടിസ്ഥാനസൌകര്യവികസനങ്ങൾക്കുമായി കണ്ണൂർ ജില്ലാപഞ്ചായത്ത് വലിയൊരുതുകയാണ് എല്ലാ പദ്ധതി വർഷവും നീക്കി വയ്ക്കുന്നത്.
മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും സമഗ്രമായ പദ്ധതികൾ കണ്ണൂർ ജില്ലാപഞ്ചായത്ത് നടപ്പിലാക്കി. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 4.5 കോടി രൂപ മൃഗസംരക്ഷണ മേഖലയ്ക്കായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്. ജില്ലയിലെ തെരുവുനായകളുടെ പ്രജനനനിയന്ത്രണത്തിനായി പടിയൂരിൽ ജില്ലാപഞ്ചായത്ത് എബിസി കേന്ദ്രം സ്ഥാപിച്ചു. ജില്ലയിലെ തെരുവുനായ നിയന്ത്രണത്തിന് ഈ കേന്ദ്രം പ്രധാന പങ്കു വഹിക്കുന്നുണ്ട്.
ജില്ലയിലെ പ്രധാന മൃഗസംരക്ഷണ സ്ഥാപനമായ ജില്ലാ വെറ്റിനറി കേന്ദ്രം കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ വളർത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി ജനങ്ങൾ ഏറെ ആശ്രയിക്കുന്നത് ജില്ലാ വെറ്റിനറി കേന്ദ്രത്തെയാണ്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അതിനൂതന ചികിത്സ ഇവിടെ ലഭ്യമാക്കുന്നുണ്ട്. അവയുടെ പ്രവർത്തനത്തിന് ജില്ലാപഞ്ചായത്ത് വർഷാവർഷം ഫണ്ട് നീക്കിവയ്ക്കുന്നുണ്ട്. ചുരുങ്ങിയ നിരക്കിൽ പൊതുജനങ്ങൾക്ക് വെറ്റിനറി മരുന്ന് ലഭ്യമാക്കുന്നതിനായി വെറ്റിനറികേന്ദ്രത്തിൽ ന്യായവില മെഡിക്കൽഷോപ്പ് ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ പ്രധാന മൃഗസംരക്ഷണ ഫാമായ കൊമ്മേരി സർക്കാർ ആട് വളർത്തുകേന്ദ്രം കണ്ണൂർ ജില്ലാപഞ്ചായത്തിന് കീഴിലാണ്. പ്രസ്തുത ഫാം വഴി വർഷാവർഷം നിരവധി ആട്ടിൻ കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു.
ക്ഷീരവികസന മേഖലയിൽ പാലിന്റെ ഉൽപ്പാദനം വർധിപ്പിക്കുകയും കർഷകർക്കുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്യാൻ പാലിന് സബ്സിഡി നൽകാൻ ജില്ലാപഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നുണ്ട്. ഓരോ വർഷവും പാലിന് സബ്സിഡി ഇനത്തിൽ 1 കോടി രൂപക്ക് മേൽ അനുവദിച്ചുവരുന്നു. ഉദയഗിരി ഗ്രാമപഞ്ചായത്തിന്റെ “ക്ഷീര ഗ്രാമം” പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് കണ്ണൂർ ജില്ലാപഞ്ചായത്ത് 5 ലക്ഷം രൂപ ധനസഹായം നൽകുകയുണ്ടായി. കമ്മ്യൂണിറ്റി ബേസ്ഡ് ക്ഷീരവികസനത്തിനായി കാറ്റിൽ ഷെഡ് കം മിനി ഡയറി ഫാമുകൾ സ്ഥാപിച്ചു. ഇതിലൂടെ പാൽ ഉത്പാദനം പ്രാദേശിക തലത്തിൽ തന്നെ ഉയർത്തുകയും, ക്ഷീരമേഖലയുടെ വികസനം ശക്തിപ്പെടുത്തുകയും ചെയ്തു.
മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക മത്സ്യകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും വിവിധ പദ്ധതികൾ നടപ്പാക്കി. ലൈവ് ഫിഷ് മാർക്കറ്റുകൾ, വീട്ടുവളപ്പിലെ ചെറുകുളങ്ങളിലെ മത്സ്യകൃഷി, പ്രത്യേകമായി, വീട്ടുവളപ്പിൽ ബയോഫ്ളോക് (ഗിഫ്റ്റ് തിലാപ്പിയ), കുളങ്ങളിൽ കരിമീൻ കൃഷി, പടുതാക്കുളം മത്സ്യകൃഷി തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. ജില്ലയിലെ തീരപ്രദേശങ്ങൾ ശുചിത്വപൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വസാഗരം–സുന്ദരതീരം പദ്ധതി നടപ്പിലാക്കി. അതു വഴി തീരദേശ പരിസരങ്ങളുടെ ശുചിത്വം ഉറപ്പുവരുത്താൻ സാധിച്ചു.. കൂടാതെ, ചിപ്പി വളർത്തൽ, കായൽ മുരിങ്ങ കൃഷി, കല്ലുമ്മേക്കായ കൃഷി തുടങ്ങിയ പദ്ധതികളും നടപ്പാക്കുകയും മത്സ്യ കർഷക ഗ്രൂപ്പുകൾക്ക് കൈത്താങ്ങാവുകയും ചെയ്തു.
പ്രാദേശിക സാമ്പത്തിക വളർച്ചയും തൊഴിലവസര വികസനവും ലക്ഷ്യമാക്കി സമഗ്രമായ പ്രവർത്തനങ്ങൾ നടപ്പാക്കി. കാർഷിക പരമ്പരാഗത വ്യവസായങ്ങളുടെ പ്രദർശനത്തിന് വ്യവസായ മേളകൾ സംഘടിപ്പിച്ചു. സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്നതിനായി റിവോൾവിംഗ് ഫണ്ട് ലഭ്യമാക്കി, പലിശ സബ്സിഡിയും നൽകി ചെറുകിട സംരംഭകർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കി.
പുതുതായി വ്യവസായം ആരംഭിക്കാൻ തയ്യാറെടുക്കുന്നവർക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നതിനായും അതു വഴി പ്രാദേശിക വ്യവസായങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുമായി ഇൻവെസ്റ്റേഴ്സ് ഡെസ്ക് രൂപീകരിച്ചു. ലേബർ ബാങ്ക് എന്ന മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയതിലൂടെ തൊഴിലാളികളെയും തൊഴിൽ ദാതാക്കളെയും തമ്മിൽ ബന്ധിപ്പിക്കാൻ സാധിച്ചു.
കണ്ണൂർ പുടവ, കുഞ്ഞിമംഗലം വെങ്കല ഗ്രാമം ക്ളസ്റ്റർ, പലഹാര ഗ്രാമം തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി പദ്ധതികൾ പ്രാദേശിക സാമ്പത്തിക വികസന മേഖലയിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി.
കൈത്തറി സംഘങ്ങൾക്ക് നൂൽ വാങ്ങുന്നതിനുള്ള ധനസഹായം നൽകുകയും. പയ്യന്നൂർ ഖാദി കേന്ദ്രത്തിലേക്ക് ഹാൻറ്ലൂം ഇലക്ട്രോണിക് ജക്കാർഡ് വാങ്ങി നൽകുകയും, ഖാദി കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക വഴി കൈത്തറി ഖാദി മേഖലയ്ക്കും ജില്ലാപഞ്ചായത്ത് ഉണർവ് നൽകി.
ജലസംരക്ഷണം, ശുചിത്വം, ജൈവവൈവിധ്യം, ദുരന്തനിവാരണ മേഖലകളിൽ സമഗ്രവും സുസ്ഥിരവുമായ പ്രവർത്തനങ്ങൾ നടപ്പാക്കി. “ജലം സുലഭം” പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി, പ്രദേശത്തെ ജലസ്രോതസുകളുടെ പരിരക്ഷയും പ്രാപ്യതയും ഉറപ്പാക്കി. വെള്ളപ്പൊക്ക നിയന്ത്രണത്തിനും മഴജല ശേഖരണത്തിനും വിസിബി നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തുകൾക്ക് ധനസഹായം നൽകി. കൂടാതെ, അഞ്ചരക്കണ്ടി പുഴയോരങ്ങളിൽ കയർഭൂവസ്ത്രം വിരിക്കലും മുള വച്ച് പിടിപ്പിക്കലും വഴി നദീതീരങ്ങളുടെയും ജലസ്രോതസുകളുടെയും സംരക്ഷണം പ്രോത്സാഹിപ്പിച്ചു.
ആധുനിക ശ്മശാനങ്ങളുടെ നിർമ്മാണത്തിനും നവീകരണത്തിനും ഗ്രാമ പഞ്ചായത്തുകൾക്ക് ധനസഹായം നൽകുകയും, സ്കൂളുകളിൽ മോഡുലാർ ടോയ്ലറ്റ് സ്ഥാപിക്കൽ വഴി വിദ്യാർത്ഥികൾക്ക് ശുചിത്വസാഹചര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ശുചിത്വ ബോധവൽക്കരണത്തിനും സാമൂഹിക പ്രചാരണത്തിനും ശുചിത്വസന്ദേശ യാത്ര സംഘടിപ്പിച്ചു.
പൊതു ഇടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും മാലിന്യം തള്ളുന്നവരെയും മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്തുന്നതിനും ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ പ്രവർത്തിക്കുന്ന നൂതന സിസിടിവി ക്യാമറകൾ സ്ഥാപിച്ച് സ്മാർട്ട് ഐ പദ്ധതി നടപ്പാക്കി. ജില്ലയിലെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു.മനുഷ്യ വന്യമൃഗസംഘർഷ മേഖലകളിൽ സൗരോർജ്ജ വേലി സ്ഥാപിക്കാനുള്ള ധനസഹായം നൽകി വന്യജീവി സംരക്ഷണവും മനുഷ്യജീവിത സുരക്ഷയും ഉറപ്പാക്കാൻ ശ്രമിച്ചു.
ദുരന്ത നിവാരണ രംഗത്ത്, പ്രകൃതിദുരന്തങ്ങളിൽ അനുഭവിക്കുന്ന ജനങ്ങൾക്കായി ദുരിതാശ്വാസ ക്യാമ്പുകൾക്കായുള്ള ഷെൽട്ടർ നിർമ്മാണത്തിനും ഗ്രാമപഞ്ചായത്തുകൾക്ക് ധനസഹായം നൽകി. കൂടാതെ, കാർബൺ ന്യൂട്രൽ ജില്ല എന്ന ലക്ഷ്യത്തിനായി ജില്ലയിൽ 30 മിയാവാക്കി വനങ്ങൾ ഒരുക്കുകയും റെൻറ് എ സൈക്കിൾ പദ്ധതി നടപ്പാക്കുകയും ചെയ്തു.
ആരോഗ്യ മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുകയും, ജനാരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി സമഗ്ര പ്രവർത്തനങ്ങൾ നടപ്പാക്കി.
കണ്ണൂർ ജില്ലാപഞ്ചായത്തിന് കീഴിൽ ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 3 ആരോഗ്യസ്ഥാപനങ്ങളാണുള്ളത്. കണ്ണൂർ ജില്ലാആശുപത്രി,ജില്ലാ ആയുർവേദ ആശുപത്രി,ജില്ലാ ഹോമിയോ ആശുപത്രി എന്നിവയാണവ. ജില്ലാ ആശുപത്രി വിവിധതരം ആധുനിക സംവിധാനങ്ങളോടെ ഉപകരണ സമ്പന്നമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആധുനിക ട്രോമ കെയർ യൂണിറ്റ്, ഐസിയു, കാത്ത് ലാബ്, ഓക്സിജൻ പ്ലാന്റ്, 24x7 ഹെൽപ്പ് ഡെസ്ക്ക്, വയോജന വാർഡ്, അമ്മയും കുഞ്ഞും ബ്ലോക്ക്, ഡയാലിസിസ് യൂണിറ്റ്, കൃത്രിമ അവയവ നിർമാണ വിഭാഗം എന്നിവ ഉൾപ്പെടുന്നു. കൂടാതെ, നവീകരിച്ച വനിതാശിശുവാർഡ് സ്ഥാപിച്ച് സൗജന്യ ചികിത്സയും, കരൾ മാറ്റിവച്ചവർക്ക് സൗജന്യ മരുന്ന് വിതരണവും, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തുടർ ചികിത്സ ലഭ്യമാക്കലും നടപ്പാക്കി. CSR ഫണ്ടിന്റെ സഹായത്തോടെ 6 ഡയാലിസിസ് യൂണിറ്റുകളും വാഹനവും വാങ്ങി സേവന ലഭ്യത ഉറപ്പാക്കി. ജില്ലാ ആയുർവേദ ആശുപത്രി ആധുനികവൽക്കരിച്ച ഒപി കൗണ്ടർ, കോസ്മറ്റോളജി ക്ലിനിക്ക്, പഞ്ചകർമ്മ സെന്റർ, പ്രത്യേക ക്ലിനിക്കുകൾ, കൂടാതെ നവീകരിച്ച ഫീമെയിൽ വാർഡ് എന്നിവയുമായി സേവനങ്ങൾ വിപുലീകരിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയിൽ ജനനി ഫെർട്ടിലിറ്റി സെന്റർ, നവീകരിച്ച ഫാർമസി, കാഷ്വാലിറ്റി വിഭാഗം, കിടത്തി ചികിത്സ, സീതാലയം, പാലിയേറ്റീവ് കെയർ എന്നിവയുടെ സേവനങ്ങൾ കൂടുതൽ വികസിപ്പിച്ചു.
ഗ്രാമ പഞ്ചായത്തുകളുടെ സാന്ത്വന പരിചരണ പ്രോജെക്ടുകൾക്ക് ജില്ലാപഞ്ചായത്ത് വിഹിതം നൽകി വയോജനരംഗത്തെ സേവനങ്ങൾ ശക്തിപ്പെടുത്തി. എയിഡ്സ് രോഗികൾക്കായി പോഷകാഹാര പുനരധിവാസ പദ്ധതിയും, ജീവിതമാണ് ലഹരി-ലഹരിയല്ല ജീവിതം എന്ന പേരിൽ ലഹരി നിയന്ത്രണ ബോധവൽക്കരണ പരിപാടികളും നടപ്പാക്കി. കൂടാതെ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികൾ, കണ്ണൂർ ഫൈറ്റ്സ് ക്യാൻസർ പദ്ധതി, ക്ഷയരോഗ ബാധിതർക്ക് പോഷകാഹാര കിറ്റ് വിതരണം, ഹെൽത്തി ഡിസ്ട്രിക്ട് തുടങ്ങിയ സമഗ്ര പദ്ധതികളിലൂടെ ജില്ലാ ആരോഗ്യരംഗത്തെ സേവനങ്ങൾ ജനകീയവും ആധികാരികവുമായ രീതിയിൽ വിപുലീകരിച്ചു.
കണ്ണൂർ ജില്ലയിലെ 73 സർക്കാർ ഹയർസെക്കണ്ടറി/ഹൈ സ്കൂളുകൾ ജില്ലാപഞ്ചായത്തിന് കീഴിലാണ്. പ്രസ്തുത വിദ്യാലയങ്ങളുടെ അടിസ്ഥാനസൌകര്യവികസനത്തിന് ഈ ഭരണസമിതി പ്രത്യേക പരിഗണനനൽകുകയുണ്ടായി. അതു വഴി എല്ലാ വിദ്യാലയങ്ങൾക്കും മികച്ച പശ്ചാത്തലസൌകര്യങ്ങളും നിലവാരവും കൊണ്ടുവരാൻ ഈ കാലയളവിൽ സാധിച്ചു. ഗുണനിലവാരമുള്ള ഫർണിച്ചറുകൾ,കമ്പ്യുട്ടറുകൾ,ലാബ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്തി. ഗ്രാമ പഞ്ചായത്തുകൾക്ക് കളിസ്ഥലം നിർമ്മാണത്തിന് ധനസഹായം നൽകി . ഉയരാം പറക്കാം പദ്ധതിയിലൂടെ ജില്ലാപഞ്ചായത്തിന് കീഴിലെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് സ്കിപ്പിംഗ് റോപ്പ് വിതരണം ചെയ്തു. സ്കൂളുകളിൽ ജലഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിച്ച്, വെള്ളത്തിന്റെ സുരക്ഷയും ആരോഗ്യപരിപാലനവും ഉറപ്പാക്കി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സിസ്റ്റങ്ങൾ വാങ്ങി സ്ഥാപിച്ചു.
സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പുതിയ കെട്ടിട നിർമ്മാണങ്ങൾ, ഫർണിച്ചർ വിതരണം, ശാസ്ത്ര ലാബുകളുടെ നവീകരണം, ലാപ്ടോപ്പ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
ജില്ലാ പഞ്ചായത്തിന്റെ സയൻസ് പാർക്കിൽ ഓഡിയോ-വിഷ്വൽ ഹാൾ, ലൈബ്രറി പൂർത്തീകരണം, പ്രദർശന വസ്തുക്കളുടെ അറ്റകുറ്റപ്പണി എന്നിവ നടപ്പാക്കി, വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനത്തിനും സംവേദനപരമായ അനുഭവങ്ങൾ ലഭ്യമാക്കുന്നതിനും വിപുലമായ അവസരങ്ങൾ ഒരുക്കി. കൂടാതെ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രവർത്തനങ്ങൾക്ക് സഹായം, എസ്എസ്കെ വിഹിതം നൽകൽ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ സാമൂഹിക ജാഗ്രതയും സാമൂഹികപങ്കാളിത്തവും വളർത്താൻ ശ്രമിച്ചു.
കണ്ണൂർ ജില്ലാപഞ്ചായത്ത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനും സജീവ പങ്കാളിത്തത്തിനും മുൻതൂക്കം നൽകി നിരവധി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കി. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, ബഡ്സ് സ്കൂളുകൾക്ക് ധനസഹായം, വയോജന വിശ്രമ കേന്ദ്രങ്ങളുടെ നിർമ്മാണവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ ഭിന്നശേഷി വിഭാഗങ്ങൾക്കായി പ്രത്യേക പരിഗണന ഉറപ്പാക്കി.
ട്രാന്സ്ജെന്ഡർ സമൂഹത്തിന് കലാപരിശീലന പരിപാടികൾ സംഘടിപ്പിച്ച് അവരുടെ ശൈലിപരവും സാമൂഹികവുമായ വളർച്ചയ്ക്ക് അവസരം ഒരുക്കി. സ്പൈനൽ മസ്കുലാർ അട്രോഫി രോഗബാധിതരായ കുട്ടികൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തതും, അന്ധർ, കാഴ്ച പരിമിതർ എന്നിവർക്ക് ഹിയറിംഗ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട് ഫോൺ നൽകിയതും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു.
വയോജനങ്ങൾക്ക് വേണ്ടി വയോജനകലാമേളകളും, നൂറു വയസ്സ് പൂർത്തിയായ വയോജനങ്ങളെ ആദരിക്കുന്ന ചടങ്ങുകളും സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവ വിതരണം ചെയ്തു. ബഡ്സ് സ്കൂളുകളിൽ സംഗീതവും സ്പോർട്സും സംബന്ധിച്ച ഉപകരണങ്ങൾ നൽകി കുട്ടികളുടെ സമഗ്രവികസനം പ്രോത്സാഹിപ്പിച്ചു. വയോജന കേന്ദ്രങ്ങളിൽ സായാഹ്ന കലാവിരുന്നുകൾ സംഘടിപ്പിച്ച് സമൂഹത്തിലെ വയോജനങ്ങളുടെ കലാവൈഭവവും മാനസിക ഉല്ലാസവും ശക്തിപ്പെടുത്തി.
വനിതാ ശിശു വികസനത്തിനും സ്ത്രീശാക്തീകരണത്തിനും മുൻതൂക്കം നൽകി വിവിധ പദ്ധതികൾ നടപ്പാക്കി. കണ്ണൂർ നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസസൌകര്യം നൽകുന്ന ഷീ നൈറ്റ് ഹോം വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ട്. വനിതാ ഫിറ്റ്നസ്സ് സെന്ററുകൾക്ക് ധനസഹായം, 10 പഞ്ചായത്തുകളിൽ വനിതകളുടെ കോഫീ ബങ്ക്, വനിതാ ഗ്രൂപ്പുകൾക്ക് ഫിഷ് ബൂത്ത്,വിദ്യാലയങ്ങളിൽ സ്കൂഫേ, ഒരു സിഡിഎസിൽ ഒരു സംരംഭം തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സാമൂഹിക ഉന്നമനവും സാധ്യമാക്കി.
കുടുംബശ്രീ വനിതാ സംരംഭ ഗ്രൂപ്പുകൾക്ക് റിവോൾവിംഗ് ഫണ്ട്, കണ്ണൂർ കുടുംബശ്രീ കറി പൗഡർ കൺസോർഷ്യത്തിന് ഡെലിവറി വാൻ വാങ്ങൽ, ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിൽ കുടുംബശ്രീ കിയോസ്ക് തുടങ്ങിയ പദ്ധതികൾ വഴിയാണ് സ്ത്രീകളുടെ സംരംഭശേഷി ശക്തിപ്പെടുത്തിയത്. സ്ത്രീ പദവി പഠനങ്ങൾ, , സ്ത്രീകൾക്കും കുട്ടികൾക്കും ആയോധന കരാട്ടെ കളരി നീന്തൽ പരിശീലനം തുടങ്ങിയ പരിപാടികൾ സാമൂഹികമായ സ്ത്രീകളുടെ ഉന്നമനത്തിന് അടിത്തറ നൽകി.
പാഷൻ ഫ്രൂട്ട് കൃഷിയിൽ വനിതാ ഗ്രൂപ്പുകൾക്ക് നടീൽ വസ്തുകൾ നൽകി, മൂല്യവർദ്ധിത യൂണിറ്റുകൾക്ക് ധനസഹായം ചെയ്തും അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ശ്രമിച്ചു. ഷീ നൈറ്റ് ഫെസ്റ്റ്, ജെൻഡർ റിസോഴ്സ് സെന്റർ, അങ്കണവാടി കെട്ടിട നിർമ്മാണത്തിന് ധനസഹായം എന്നിവ സാമൂഹിക-ശിശു വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും പ്രധാന്യം നൽകി. പട്ടികജാതി സാംസ്കാരിക നിലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഗ്രാമപഞ്ചായത്തുകൾക്ക് ധനസഹായം, ഫർണിച്ചർ വിതരണം, ഉന്നത പഠനം നടത്തുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, യുവതീയുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം, മത്സരപരീക്ഷാ പരിശീലനം എന്നിവ വഴിയാണ് വിദ്യാഭ്യാസത്തിലും തൊഴിൽ കഴിവുകളിലും പുരോഗതി ഉറപ്പാക്കിയത്.
സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി ശിങ്കാരി മേളം, നാസിക് ഡോൾ എന്നിവയിൽ പരിശീലനം നൽകുകയും അവയുടെ ട്രൂപ്പുകൾ രൂപീകരിക്കുകയും ചെയ്തു. സൈന്യത്തിൽ ചേരുന്നതിന് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് നടത്തി യുവാക്കളെ കരിയർ സാധ്യതകളിലേക്ക് ഒരുക്കി. കോളനി ശ്മശാനങ്ങളുടെ പുനരുദ്ധാരണം, വനിത തൊഴില്പരിശീലന കേന്ദ്രങ്ങൾക്ക് ധനസഹായം എന്നിവ വഴി സാമൂഹിക അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
പട്ടികവർഗ്ഗ ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ, ബാൻറ് വിതരണം, വിദ്യാഭ്യാസ പരിപോഷണ പദ്ധതി, ഉന്നതികളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി, ഗോത്രവെളിച്ചം/ഗോത്രസാരഥി പദ്ധതികൾ എന്നിവ നടപ്പാക്കി സാംസ്കാരിക-വിദ്യാഭ്യാസ വളർച്ചക്ക് പിന്തുണ നൽകി. എസ്റ്റി വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് ആകർഷിക്കുന്നതിനായി പ്രഭാതഭക്ഷണം പദ്ധതി, ഹൈജീൻ കിറ്റ് വിതരണ പദ്ധതി എന്നിവ നടപ്പിലാക്കി. യുവതീയുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം, മത്സരപരീക്ഷാ പരിശീലനം എന്നിവ വഴി പട്ടികവർഗ്ഗ മേഖലയിലെ പുതിയ തലമുറയ്ക്ക് മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ ഒരുക്കി. ഈ പ്രവർത്തനങ്ങളുടെ ഫലമായി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക നില മെച്ചപ്പെടുത്തി, സമഗ്രമായ വളർച്ചയുടെ വഴിതെളിച്ചു.
പാർപ്പിട മേഖലയിൽ LIFE പദ്ധതിക്കും PMAY പദ്ധതിക്കും വിഹിതം നൽകിക്കൊണ്ട് പാവങ്ങൾക്ക് സ്ഥിരതയുള്ള, സുരക്ഷിതമായ വാസസൗകര്യങ്ങൾ ഉറപ്പാക്കാൻ കണ്ണൂർ ജില്ലാപഞ്ചായത്ത് ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഭരണസമിതിയുടെ കാലയളവിൽ തന്നെ 47.65 കോടി രൂപ ലൈഫ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നൽകിയിട്ടുണ്ട്.
ഏതാണ്ട് 415 കിമീറ്റർ ദൈർഘ്യമുള്ള റോഡുകൾ ജില്ലാപഞ്ചായത്തിനുണ്ട്. അവയുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനു മായി ജില്ലാപഞ്ചായത്ത് പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്.പ്രധാന റോഡു കളെല്ലാം മെക്കാഡം ടാറിഗ് നടത്തി ഗുണ നിലവാരം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ജില്ലയിലെ റോഡുകളുടെ ഗുണ നിലവാരവും മെച്ചപ്പെട്ട ഗതാഗത സൌകര്യങ്ങളുടെ ലഭ്യതയും ഗ്രാമ-നഗരബന്ധവും ഉറപ്പ് വരു ത്താൻ ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ വഴി സാധിച്ചിട്ടുണ്ട്.
മൊത്തത്തിൽ കഴിഞ്ഞ 5 വർഷങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായി കണ്ണൂർ ജില്ലയിലെ ഗ്രാമപ്രദേശങ്ങളുടെ സമഗ്ര വികസ നത്തിന് സാധ്യമായ പരമാവധി കാര്യങ്ങൾ ചെയ്യുവാൻ കണ്ണൂർ ജില്ലാ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. അതിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തിന് പുറമേ പരമാവധി സ്വന്ത വരുമാനവും സിഎസ് ആർ ഗ്രാന്റുകളും പ്രയോജനപ്പെടുത്താനും സാധിച്ചിട്ടുണ്ട്. വികസനത്തിന്റെ വിവിധ മേഖലകളിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിന് ഈ കാലയളവിൽ ലഭിച്ച അംഗീകരങ്ങൾ അക്കാര്യം തെളിയിക്കുന്നു.