About

കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ സവിശേഷതകള്‍ സ്വന്തമായുള്ള ജില്ലയാണ് കണ്ണൂര്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ ജില്ലയുടെ ഭൂപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റിക്കൊണ്ടാണ് പില്‍ക്കാലത്ത് വയനാട് ജില്ലയും കാസര്‍ഗോഡ് ജില്ലയും രൂപീകരിച്ചത്. വടക്കുഭാഗത്ത് കാസര്‍ഗോഡ് ജില്ലയും, കര്‍ണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനവും വയനാട് ജില്ലയും, തെക്കുഭാഗത്ത് വയനാട്, കോഴിക്കോട് ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍. ജില്ലയുടെ ആകെ വിസ്തൃതി 2968 ചതുരശ്രകിലോമീറ്ററാണ്. ഇത് കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 7.6% വരും. പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നിങ്ങനെ 9 ബ്ളോക്കുപഞ്ചായത്തുകളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 9 ബ്ളോക്കുകളിലായി 81 ഗ്രാമപഞ്ചായത്തുകളും 129 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, പയ്യന്നൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിങ്ങനെ 6 മുനിസിപ്പാലിറ്റികള്‍ ജില്ലയിലുണ്ട്. തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി എന്നിങ്ങനെ മൂന്ന് താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ ആകെ 26 ഡിവിഷനുകളുണ്ട്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയെ പൊതുവായി അഞ്ചു മേഖലകളായി തിരിക്കാം. സമുദ്രത്തോട് തൊട്ടടുത്തുള്ള തീരപ്രദേശം, പശ്ചിമഘട്ട മേഖലയിലെ കുന്നുകളടങ്ങിയ വനപ്രദേശങ്ങള്‍, അതിനോട് തൊട്ടുകിടക്കുന്ന മലനാട്, കുന്നുകളും നിമ്നോന്നത പ്രദേശങ്ങളുമടങ്ങിയ ഇടമലനാട്, തീരപ്രദേശങ്ങളോടു തൊട്ടുകിടക്കുന്ന ഇടനാട് എന്നിവയാണ് പ്രസ്തുത അഞ്ചു മേഖലകള്‍. ഇവ കൂടാതെ വയലുകള്‍, പുഴകള്‍, പുഴയോരങ്ങള്‍, കടല്‍ത്തീരങ്ങള്‍, അഴിമുഖങ്ങള്‍, ചതുപ്പുനിലങ്ങള്‍, ഉപ്പുവെള്ളം നിറഞ്ഞ കായലുകള്‍, ശുദ്ധജല തോടുകള്‍ എന്നിവയെല്ലാം കാണപ്പെടുന്ന ജൈവസമ്പുഷ്ടമായ പ്രദേശമാണ് കണ്ണൂര്‍ ജില്ല. ചുവന്ന വെട്ടുകല്ലുകള്‍ കൊണ്ട് സമൃദ്ധമായ ഇവിടെ എക്കല്‍മണ്ണും, മണലും കൂടുതലായി കാണപ്പെടുന്നു. ഫോറസ്റ്റ് ലോം മണ്ണുകള്‍, ലാറ്ററൈറ്റിക് മണ്ണുകള്‍, ഹൈഡ്രോമോര്‍ഫിക് മണ്ണുകള്‍, റെഡ്ലോം മണ്ണുകള്‍, റിവറൈല്‍ എക്കല്‍ മണ്ണുകള്‍ എന്നീ മണ്ണിനങ്ങളാണ് ഇവിടെ സാധാരണയായി കണ്ടുവരുന്നത്. കണ്ണൂര്‍ ജില്ല 1957-ലാണ് രൂപം കൊണ്ടത്. ബ്രിട്ടീഷ് ഭരണകാലത്തും, 1957 വരെയും ഈ പ്രദേശം കോഴിക്കോട് കേന്ദ്രമായിട്ടുണ്ടായിരുന്ന മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു. ഇന്നത്തെ കാസര്‍ഗോഡ് ജില്ലയും വടക്കേ വയനാട് താലൂക്കും അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു.